Friday, May 9, 2008

പറയാത്ത കഥ


നീ എന്റെ കൊട്ടാരത്തിലേക്ക് കയറി വന്നപ്പോള്‍ കണ്ടത് ഞാന്‍ കാണിച്ചു തന്നത് മാത്രം…
കൌതുകം നിറഞ്ഞു നില്‍കുന്ന മിഴികള്‍, സ്‌നേഹം നിറഞ്ഞ ഒരു ഭാര്യ, വാല്‍സല്യം കൊണ്ട് മൂടുന്ന അമ്മ, നല്ല പഠിപ്പും ഉദ്ധ്യോഗവും, ആവശ്യത്തിനേറെ പണം, പരിഷ്കാരി, സ്വന്തം തിരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവള്‍, ഒന്നിനെയും ഭയമില്ല, തനിക്കാരെയും വേണ്ട, എന്നു പറഞ്ഞു നടക്കുന്ന തന്റേടി, …. മുഖംമൂടികളൂടെ ഒരു പട തന്നെ ഞാന്‍ ഒരുക്കിയിരുന്നു

അടുക്കരുതെന്ന് നൂറു തവണ രേഖ വരച്ചു മാറി നിന്നിട്ടും ഞാന്‍ നിന്നോട് എല്ലാം പറഞ്ഞു…ഒന്നുമല്ലാത്ത കൊച്ചു വര്‍ത്തമാനങ്ങള്‍ പലതും…
എന്റെയുള്ളില്‍ കരയുന്ന എന്റെ എല്ലാമായ പലതും ഞാന്‍ മറച്ചു…

പിന്നീടെപ്പോഴോ നീ അറിഞ്ഞു , പലരേയും വിഡ്ഡികളാക്കികൊണ്ട് സ്വയം പണിതുയര്‍ത്തിയ ഏകാന്തതയുടെ അഴികള്‍ കൊണ്ടുള്ള കൊട്ടാരത്തിലെ റാണി മാത്രമാണ് ഞാനെന്ന്‍…

ഞാനാരേയും കാണിക്കാതെ കാത്തു സൂക്ഷിച്ച, പൂര്‍ണതയില്ലാത്ത , സംതൃപ്തയല്ലാത്ത എന്റെ ഉള്ളിലെ ആ മുഖം നീ തൊട്ടു താലോലിച്ചു … ഒരു കൊച്ചു കുഞ്ഞിന്റെ ചാഞ്ചല്യം, ഇരുട്ടിനെ ഭയക്കുന്ന, സ്‌നേഹം തേടുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍ എന്നു നീ ഉറക്കെ പറഞ്ഞു ചിരിച്ചു……

പിന്നീടെപ്പോഴോ നീ ഒന്നും പറയാതെ എങ്ങോട്ടോ പോയി…….
ഞാന്‍ വീണ്ടും എന്റെ ഒരായിരം മുഖമൂടികളുടെ ലോകത്തേക്കും…

പക്ഷേ കൊല്ലങ്ങളിത്ര കഴിഞ്ഞിട്ടും ഇന്നും വീണ്ടും വീണ്ടും പൊങ്ങി വരുന്ന തിരമാലകളെ പോലെ എന്നില്‍ നിറഞ്ഞു നില്‍കുന്ന നിന്റെ കഥ……പലപ്പോഴും എഴുതാന്‍ തുടങ്ങിയ , എത്രയോ തവണ വേണ്ടെന്നു വെച്ച, എന്നും എന്റെ മനസ്സിലെ ഭാരം കൂട്ടുന്ന മുഴുവനാകാത്ത ആ കഥ…….നീ സമ്മാനിച്ച കഥ……ഇന്നും ഞാന്‍ എഴുതാതെ നിര്‍ത്തുന്നു.