Tuesday, September 30, 2008

വഴി തെറ്റാതെ വീണ്ടും വന്നു "കാരണം" ..........


പട്ടും, പൊന്നും, കൊട്ടും, മേളവും,വിളക്കും, ആഘോഷങ്ങളും, നിറഞ്ഞു
നില്‍ക്കുന്നൊരു കല്യാണം എന്നും സ്വപ്നം കണ്ടുണരുന്നതു ഒരു പതിവായി …
പകലുകള്‍ക്ക് അന്നൊക്കെ മുല്ലപ്പൂവിന്‍റെ മണമായിരുന്നു… തന്‍റെ
സ്വപ്നത്തെക്കുറിച്ച് വിദുവിനോട് പറഞ്ഞപ്പോള്‍ പുരികമുയര്‍ത്തി ഒരു
ചോദ്യം…എന്താ മുല്ലപ്പൂവിന്‍റെ മണമാവാന്‍, ചേച്ചിക്ക് റോസിന്‍റെയോ,
ഡെയ്സിയുടെയൊ, അതോ ഓര്‍ക്കിഡിന്‍റെയോ മണമുള്ള പകലുകളാക്കിക്കൂടെ….

എത്ര ജാടയുള്ള പൂക്കള്‍ വന്നാലും മുല്ലപ്പൂവിന്‍റെ മണം എന്നും മുന്നില്‍
എന്ന് ആ കൊച്ചു മനസ്സിനെ എങ്ങിനെ മനസിലാക്കാന്‍… അടുത്തടുത്തായി കെട്ടിയ,
മുത്തുപോലെയുള്ള മൊട്ടുകള്‍, വെള്ളനൂലില്‍ ഇണങ്ങി കിടക്കുന്ന പച്ച
തണ്ടുകള്‍…ഒരിക്കലും വേര്‍പിരിയില്ല എന്നുറക്കെ പറയുന്നതു പോലെ…..

ചേട്ടന്‍റെ കല്യാണത്തിന് അമ്മയും, വല്യമ്മയും, അമ്മായിമാരും എല്ലാരും ഒരു
മുഴം പൂ ചൂടി നടന്നു….ഞാനും……. അന്ന് ആ പന്തലില്‍ അവര്‍ നടന്നപ്പോള്‍ ഈ
മുല്ലമൊട്ടുകള്‍ സ്വകാര്യം പറഞ്ഞിരുന്നു…നല്ല ജോഡി, ആ ചേച്ചിയുടെ സാരീ
നന്നല്ല…അമ്മായിയുടെ മാല നല്ല സ്റ്റൈലന്‍….ചെറുക്കന്‍റെ ചേച്ചി കാണാന്‍
നല്ല സുന്ദരി ….. …ഈ കൊച്ചിന് കുറച്ച് മുല്ലപ്പൂ ചൂടി നടന്നൂടെ, ഇത്രയും
മേയ്ക്കപ്പിട്ടു നടക്കുന്നതിനു പകരം??…. അങ്ങിനെ എന്തൊക്കെ സ്വകര്യങ്ങളും
പരദൂഷണങ്ങളും............. അന്നെനിക്ക് പൂക്കളുടെ ഭാഷ മനസിലാക്കാമായിരുന്നു….

ഇനിയിപ്പോള്‍ എന്‍റെ കല്യാണം…..തലനിറച്ചും മുല്ലപ്പൂ ചൂടി കസവുടുത്തു
നില്ക്കുന്ന ഞാന്‍….എത്ര തവണ സ്വപ്നത്തില്‍ കണ്ടാലും വീണ്ടും വീണ്ടും
കാണാന്‍ കൊതിക്കുന്ന ആ ദിവസം ….ഇന്ന് അമ്മ കല്യാണത്തിന് എനിക്കാവശ്യമുള്ള
സാധനങളുടെ ലിസ്റ്റ് തരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യമെഴുതി…
"മുല്ലമൊട്ടുകള്‍"… അമ്മ അതു വായിച്ച് ദേഷ്യത്തോടെ എന്നെ നോക്കി…."ഇതാണൊ
ആദ്യമെഴുതിയതു കുട്ട്യേ?"

ഗുരുവായൂരില്‍ കല്യാണ സീസണ്‍….പച്ച നോട്ടുകള്‍ കുറേ അധികം ചിലാവാക്കി
അച്ഛന്‍ മണ്ടപം ബുക്ക് ചെയ്തു, ക്ഷണകത്തുകള്‍ ഒഴുകി…. ബന്തുമിത്രാധികള്‍
എത്തുമെന്ന് സന്തോഷത്തോടെ വാക്ക് നല്കി…പലരും മുഖംമൂടികള്‍ അണിഞ്ഞു
ചിരിച്ച് അഭിനന്ദിച്ചു…..

സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം…………..അന്ന് ഞാന്‍
എഴുന്നേറ്റപ്പോള്‍ മുല്ലപ്പൂവിന്‍റെ മണമുണ്ടായിരുനില്ല…..
ഉമ്മറത്തേക്ക് ചെന്നപ്പോപോള്‍ അച്ഛന്‍ ഇടറിയ സ്വരത്തില്‍ ആര്‍ക്കോ ഫോണ്‍
വിളിക്കുന്നുണ്ടായിരുന്നു…… "വരരുത്, മാപ്പ്, കല്യാണം നടക്കില്യ ….."
കാരണം….ദുര്‍ബലമായൊരു കാരണം …എന്തുകൊണ്ട് എന്നതിന്, പാതി മാത്രം മറക്കുന്ന
വസ്ത്രം പോലെയുള്ളൊരു കാരണം….

അങ്ങിനെ ഞങ്ങള്‍ തനിച്ചായി….. ഇന്നു പുലരേണ്ടിയിരുന്നില്ല എന്ന് വീണ്ടും
വീണ്ടും പറയുന്ന മനസ്സുമായി ഞാനും….വാടി പോയ ഒരു മുഴം മുല്ലപ്പൂക്കളും.....