Friday, March 28, 2008

അറിയാത്ത നിറങ്ങള്‍

മഞ്ഞയും ചുകപ്പും പച്ചയും പൊതിഞ്ഞ നിലത്ത്‌ ഞാന്‍ നിന്നെക്കുറിച്ചോര്‍ത്തു കിടന്നു… മുകളില്‍ ആകാശത്തിന്‍റെ നീലിമയെ തോല്പിക്കാന്‍ ചാര നിറം പുറപ്പെട്ടു കഴിഞ്ഞു.

"നിന്നെക്കുറിച്ച് ഞാന്‍ എഴുതില്ല, …ഇനിയൊരിക്കലും…. എകാന്തതക്കുമുണ്ടല്ലോ ഒരു നിറം…..ഇരുട്ടിന്‍റെ നിറം…ആ നിറം മതി…" ഞാന്‍ എന്നോടു തന്നെ മന്ത്രിച്ചു.

. ..അന്നത്തെ ആ സന്ധ്യക്ക് ഇരുട്ട്‌ കൂടിയിരുന്നോ..?

"നീ ഒരു എഴുത്തുകാരി"….തിളങ്ങുന്ന കണ്ണുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
ആ കണ്ണുകളിലേക്ക്‌ നോക്കിയാല്‍ കൂട്ടി വെച്ച ആകെയുള്ള ധൈര്യവും ചോര്‍ന്നു‌ പോകും എന്ന നല്ല ഉറപ്പുള്ളത് കൊണ്ടു വിദൂരതയിലേക്കു‌ നോക്കി ഞാന്‍ പറഞ്ഞു. "അല്ല, ഞാന്‍ വെറുമൊരു പരാതിപ്പെട്ടി…."


അപ്പുറത്തിരുന്ന രണ്ട് കൊച്ചു കുട്ടികള്‍ പന്തെറിഞ്ഞു കളിക്കുന്നു….അവരേക്കാളും വലിയ ഒരു ചുകന്ന പന്ത്…."പണ്ട് എനിക്കുമുണ്ടായിരുന്നു അത് പോലെ ഒരു പന്ത്… നീല നിറമുള്ള വലിയ പന്ത്…വാസുമാമന്‍ ദുബായില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍ കിട്ടിയ സമ്മാനം…… ഇപ്പോഴും തറവാട്ടില്‍ പോയാല്‍ ചിലപ്പോള്‍ തട്ടിന്‍പുറത്തു കാണും…എന്‍റെ പന്ത്…എന്‍റെമാത്രം" ഞാന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു …
"ഇന്നു പന്തിനെ പറ്റിയാണോ എഴുതുന്നത്….?"
"അല്ല…. വിഷാദം മാത്രം എഴുതുന്ന എഴുത്തുകാരിയുടെ ഏതു വരികളിലും അതേ ഭാവം…."സന്ധ്യയുടെ കാറ്റില്‍ ഇലകള്‍ കൊഴിഞ്ഞു താഴെ വീണു…മഞ്ഞ ഇലകള്‍…പച്ച പുല്ലിന്‍മേല്‍ മഞ്ഞ ഇലകള്‍…ഒറ്റപ്പെടലിന് ഇത്ര ഭംഗിയോ…. നഷ്ടത്തിന്‍റെ നിറം കറുപ്പല്ലേ??


"നിനക്കെന്താ സന്തോഷിക്കാനിത്ര മടി? "
"എന്താണ്‌ സന്തോഷത്തിന്‍റെ നിറം …നിങ്ങള്‍ക്കറിയുമോ ..?"
പന്തുകളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ അവരുടെ അമ്മയുടെ കൈ പിടിച്ച് നടന്നകലുന്നു….കൂടെ പന്തുമായി നടക്കുന്നത് അച്ഛനായിരിക്കും…. ചുറ്റുമുള്ള ആള്‍ക്കാരെ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു...നോട്ട് ബുക്കുമായി മരച്ചുവട്ടില്‍ ഇരിക്കുന്ന പെണ്‍കുട്ടി, പാട്ടു കേട്ടുകൊണ്ടോടുന്ന ചെറുപ്പക്കാരന്‍, വടി പിടിച്ച് നടക്കുന്ന വൃദ്ധദമ്പതികള്‍….എന്‍റെ കഥയില്‍ ഇവരിലാര്‍ക്കാണ് സ്ഥാനം…..


"പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ നിന്‍റെ മനസ്സില്‍ എപ്പോഴും ഓടി നടക്കുന്നു …അതാ നീ ഇങ്ങനെ…"
കാറ്റില്‍ ഒരു ഇല കൊഴിഞ്ഞു എന്‍റെ അടുത്തേക്ക് വീണു…..എഴുന്നേറ്റിരുന്ന് ആ ഇല പെറുക്കിയെടുത്ത്‌ എന്‍റെ പുസ്തകത്താളില്‍ ഒളിപ്പിച്ചു….."കണ്ടില്ലേ ആകാശത്തിന്‍റെ നീലിമ ഇനി ഒരു പൊടി മാത്രം…ചാര നിറം വിജയിച്ചിരിക്കുന്നു…."
"അനുഭവപ്പെടാത്ത വികാരങ്ങള്‍ എഴുതാതിരുന്നു കൂടെ… …ദുഃഖത്തെ പറ്റി ഇനി എഴുതരുത്….നിനക്കു ചുറ്റും എപ്പോഴും സന്തോഷമല്ലേ.." പക്ഷെ ഞാന്‍ ആഗ്രഹിച്ചത്‌
പൊന്നു പോലെ ഞാന്‍ നിന്നെ കാത്തോളാം എന്നൊന്നു കേള്‍ക്കാന്‍ .....

എന്‍റെ വിരലുകള്‍ അടുത്തു വളര്‍ന്നിരുന്ന പുല്‍ച്ചെടിയെ നുള്ളി നോവിച്ചു…. "കുറേ അഹങ്കരിച്ചാല്‍ കരയേണ്ടി വരും…………ഉത്തരമിലാത്ത ചോദ്യങ്ങള്‍ എന്നോട് ചോദിക്കാതിരിക്കൂ…."


സന്ധ്യക്ക് ഇരുട്ടു കൂടി….സ്കൂളിലെ മണിയടി കേട്ട അനുസരണയുള്ള കുട്ടികളേപ്പോലെ ഞങ്ങള്‍ ബാഗുകളെടുത്തു അവിടെ നിന്നും എഴുന്നേറ്റു….
എന്‍റെ തണുത്ത വിരലുകളിലേക്കു ചൂടുള്ള ആ കൈകള്‍ കോര്‍ത്ത് നീ പറഞ്ഞു…"ഞാന്‍ നിനക്കു സന്തോഷത്തിന്‍റെ നിറം പറഞ്ഞു തരാം….ചുകപ്പ്..ചുകപ്പാണാ നിറം……." ഞാന്‍‍ അന്നു തല താഴ്ത്തി പുഞ്ചിരിച്ചു….


അങ്ങിനെയാണ് ഞാന്‍‍ നിന്നെക്കുറിച്ച് എഴുതാന്‍ തുടങ്ങിയത്……….

Tuesday, March 18, 2008

ഞാന്‍ പറന്നു വീണൊരു ഇലപോലെ...


വിരല്‍ തുമ്പില്‍ മഷി പടര്‍ന്ന ഞാനും…കടലുകള്‍ക്കക്കരെ കീബോര്‍ഡില്‍ വിരലുകളമരുന്ന ശബ്ദവും..
"ഉറങ്ങിയില്ലേ"
"ഇല്യാ"
"എഴുതുകയാണോ"
"ഉം"
നിശബ്ദതയുടെ സ്വരങ്ങള്‍ ….. ഇടക്ക് ഉത്തരമില്ലാത്ത "പിന്നേ", ക്രമത്തിലുള്ള ശ്വാസോച്ഛ്വാസം.
….ഞങ്ങള്‍ അങ്ങിനെയായിരുന്നുവല്ലോ…..
വേറിട്ട രണ്ടു ജോലി,…രണ്ടു ലോകങ്ങള്‍ ഫോണ്‍ ലൈനില്‍ കൂട്ടിചേര്‍ത്തതു പോലെ…..
എന്‍റെ എകാന്തതയെ അണക്കുന്ന മൌനങ്ങള്‍….
യാതൊരു കാരണവുമില്ലാതെ കുറേ പഴയ ഓര്‍മ്മകളുടെ തിരശീല കണ്മുന്നില്‍ വന്നു വീണു…ഉച്ച വെയിലില്‍ തിളങ്ങുന്ന പുല്ലിന്‍റെ പച്ചയും, മുറ്റത്തെ മാവും, തെച്ചിപ്പൂക്കളും, പിച്ചകപ്പൂവിന്‍റെ ഗന്ധമുള്ള കാറ്റും, നാണു പ്രാന്തന്‍റെ നിലവിളിയും, ശിവക്ഷേത്രവും, അമ്പലക്കുളവും… തുള്ളിച്ചാടുന്ന കിങ്ങിണിയുടെ കഴുത്തിലെ കറുത്ത മണിയും, കൂട്ടുകാരും, പാമ്പുംകാവും, സന്ധ്യാനാമവും…. എല്ലാം….

"അങ്ങേരുടെ പാട്ട് സഹിക്കാന്‍ വയ്യ" ….അപ്പുറത്തെ സീറ്റിലെ കഷ്യപിന്‍റെ പാട്ട് ഫോണിലൂടെ കേട്ട് ഞാന് പറഞ്ഞു പോയി.
"ഹ ഹ ഹ… ഉം"
"ഇന്നു വൈകുന്നേരം ഞാന്‍….." പറഞ്ഞു തീരുന്നതിനു മുന്നേ ...
"ഞാന്‍ ഇപ്പൊ വരാം"
"ഡിസ്കണെക്ട് ചെയ്യാണോ"
"വേണ്ടാ, ഞാനിപ്പോ വരാം"

ഓരോ ദിവസവും അവസാനിക്കുന്നത് എന്തിന്റെയൊക്കെയോ മരണത്തോടെയാണ്... വിശ്വാസങ്ങളുടെ മരണം, ആഗ്രഹങ്ങളുടെ മരണം, സ്വപ്നങ്ങളുടെ മരണം.എന്തിന്റെയൊക്കെയോ മരണം…..
ഭൂതകാലത്തിലെ ചില മുത്തുകള്‍ പെറുക്കുന്ന എന്നെപോലെയുള്ളവര്‍ വിഡ്ഢികളുമായി…സ്നേഹം എനിക്കാണല്ലോ പുത്തന്‍.
ചുറ്റുമുള്ള എല്ലാ വീടുകളിലേയും വിളക്കണഞ്ഞിട്ടും ഞാന്‍ മാത്രം എന്ത് ചെയണമെന്നറിയാതെ എഴുന്നേറ്റിരുന്നു….
മേശപ്പുറത്തെ വെള്ളകടലാസുകളില്‍ നീല നിറം കൂടിക്കൂടി വന്നു….…
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അറ്റത്ത് മിന്നുന്ന സമയത്തെയും...നിശ്ചലമായി ഇരിക്കുന്ന ആ ചില്ലിട്ട ചിത്രത്തിലെ തിളങ്ങുന്ന കണ്ണുകളെയും അറിയാതെ നോക്കിയിരുന്നുപോയി ഞാന്‍ …
നിമിഷങ്ങള്‍ക്കു ശേഷം…. കസേരയുടേയും, കീബോര്‍ഡില്‍ വിരലുകള്‍ അമരുന്നതിന്റേയും ശബ്ദവും പിന്നെ ഒരു "ഉം…ഐ അം ബാക്ക്"
ഞാനും തിരിച്ചെത്തി….എന്‍റെ വെള്ളകടലാസിലേക്കും നീലമഷിയിലേക്കും….
രവീന്ദ്രന്‍ മാഷിന്‍റെ ഒരു പാട്ടും മനസ്സില്‍ ഓടിയെത്തി ..."അറിവിന്‍ നിലാവേ.....മറയുന്നുവോ നീ...."

Monday, March 10, 2008

ഈ മുത്തുകള്‍ എന്‍റെ സ്വന്തം!


"മോളൂട്ടീ.... ചെന്നിരുന്ന് പഠിക്ക്...." ആ പഴയ വിളി ....
കണക്കു പുസ്തകത്തിന്റെയും, പേരമരത്തില്‍ വന്നിരിക്കാറുള്ള തത്തമ്മയുടെ പാട്ടിന്റെയും മണമുള്ള ആ വിളി...
ആ വിളി കേള്‍ക്കാനും, പത്രക്കടലാസിനു പുറകില്‍ നിന്നും ശബ്ദമുണ്ടാക്കാതെ പതുക്കെ വന്നു മറയുന്ന ആ ചിരി കാണാനും, പുറത്തെ വെള്ളപ്പരവതാനി നോക്കിയിരിക്കുമ്പോള്‍ ഇന്നു കൊതിച്ചു പോയി....
കൊല്ലങ്ങളായി താമസിക്കുന്ന ഈ മുറിയിലേക്ക് വരുമ്പോള്‍ ഇന്നും എന്തിനാണ് കാരണമില്ലാത്ത ഒരകല്ച്ച തോന്നുന്നത്??.....പരിചയമില്ലാത്ത എവിടേക്കൊ വഴി തെറ്റി വന്നതു പോലെ ......
വീണ്ടും ചെയ്തു തീര്‍ക്കാത്ത കുറേ കാര്യങ്ങള്‍ മനസ്സിനെയലട്ടുന്നതു പോലെയൊരു തോന്നല്‍ ...വെറുതെ ഇരിക്കാന്‍ ഇന്നും എനിക്ക് പേടിയാണ്...രാത്രി എട്ടു മണിയാവുമ്പോഴേക്കും ഹോംവര്‍ക്ക്‌ തീര്‍ക്കാതിരുന്നാല്‍ ഉണ്ടാവുന്ന ആ പഴയ പേടി...
ചിലപ്പോള്‍ തോന്നും ശരീരത്തിനൊത്ത് മനസ്സു വളര്‍ന്നോ എന്ന് ...
ഇതൊക്കെ ആരൊടെകിലും പറഞ്ഞാല്‍ അപ്പൊ കേള്‍ക്കാം
"കമോണ്‍ ഗ്രോ അപ്!!"
പക്ഷെ എന്‍റെ മനസിപ്പോഴും നിറങ്ങള്‍ നിറഞ്ഞ ആ കഴിഞ്ഞു പോയ കാലത്തില്‍ നിന്നും മുത്തുകള്‍ പെറുക്കുന്നു.. ..

Monday, March 3, 2008

പ്രഹേളിക....:) ??

തലമുടി തലോടി തന്നും, എനിക്ക് സംസാരിക്കാനും കഥ പറയാനും നീ ഇവിടെയുണ്ടായിരുന്നെങ്കില്‍... ......പക്ഷെ ഇന്നിപ്പൊള്‍ നീ എന്നോട് സംസാരിക്കുന്നത് തന്നെ അപൂര്‍വ്വം....രാവിലെ പുറത്തു മഞ്ഞു പെയ്തു വെള്ളയല്ലാതെ വേറൊരു നിറവുമില്ലായിരുന്നു........ആകാശത്തിന്‍റെ ഇരുട്ടു മങ്ങി ചാരനിറമാവുന്നത് അറിയാതെ നോക്കിനിന്നുപോയി.. എന്‍റെ മനസ്സിലും ഇരുട്ടു കയറുകയാണോ ഈശ്വരാ....കയറാതിരിക്കാന്‍ കുറെ നേരം മഞ്ഞയും ചുകപ്പുമായി കളിച്ചു...
നമ്മുടെ സ്വകാര്യ സന്ധ്യകള്‍ കാത്തിരിക്കുന്ന നിനക്കായ്‌...

പിന്നെ.. ഇന്നു ഇതു കണ്ടില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇന്നത്തെ ദിവസംപാഴായേനെ...ഇതയച്ചു തന്ന സുഹൃത്തിനു നന്ദി.
ഇതിനോക്കെയിടയില്‍, എന്തൊക്കെയോ സംഭവിക്കുന്നു... എത്തും പിടിയുംകിട്ടാത്ത എന്തൊക്കെയോ....ചില്ലിട്ട ജനവാതില്‍ കൊക്കുകൊണ്ടു തട്ടിനോക്കുന്ന, മൂളിപ്പാട്ടുകളും,മന്താരപ്പൂക്കളും സമ്മാനിക്കുന്ന, ഞാന്‍ പുഞ്ചിരിക്കുമ്പോള്‍ പ്രഹേളികയെന്നു വിളിക്കുന്ന അപരിചിതനായ മിത്രമേ ഇതാ കൈകൂലി.

Sunday, March 2, 2008

ഇന്നലെ പെയ്ത മഴതുള്ളികള്‍

നിലാവുള്ള രാത്രി.. അച്ഛന്‍പെങ്ങള്‍ പറഞ്ഞ ആ ദിവ്യ പുഷ്പം വിരിഞ്ഞിട്ടുണ്ടാവുമോ...അറിയാന്‍ എന്താ ഒരു വഴി…ആരും അറിയാതെ പുറത്തു ചാടിയാലോ… അമ്മായി അറിഞ്ഞാല്‍ കണക്കിന് കിട്ടും......തനിച്ചു പോകേണ്ട അതാണ് ബുദ്ധി..

ധാമുവേട്ടനെ കൂട്ടിയാലോ…?? വരുമോ ആവോ…കോളേജില്‍ പോകാന്‍ തുടങ്ങിയെ പിന്നെ ധാമുവേട്ടന്‍ തന്‍റെ കൂടെ കളിക്കാനൊന്നും കൂടാറില്യല്ലോ.... അപ്പുറത്തെ വീട്ടിലെ സീതുവാണു ഇപ്പൊ തനിക്ക് കൂട്ട്....സുന്ദരിക്കുട്ടി സീതു…കള്ളനായാല്‍ കണ്ണ് നിറക്കുന്ന സീതു....ഇടയ്ക്ക് താന്‍ പോലീസ് ആവാന്‍ വാശി പിടിച്ചപ്പോള്‍ അമ്മ പറഞ്ഞു "വാവയല്ലേ"….പക്ഷെ സീതുവിനെ തനിക്കിഷ്ടമാ…..സീതുവിനെ കൂട്ടിയാലോ…സീതു ഉറങ്ങിക്കാണും…അവളുടെ അച്ഛന്‍ അവളെ കഥ പറഞ്ഞുറക്കി കാണും….

അമ്മ ഇതു വരെ അടുക്കളയില്‍ നിന്നും എത്തിയിട്ടില്ല….നാളെ വെളുപ്പിനേ
വലിയമ്മാവന്‍ മുത്തശ്ശിയേയും കൊണ്ടു വരും എന്നല്ലെ അച്ഛന്‍പെങ്ങള്‍ പറഞ്ഞത്…അതിന്‍റെ ഒരുക്കത്തിലാവും….


ഈ ജനാലക്കല്‍ നിന്നു പൂ വിരിയുന്നത് കാണാന്‍ പറ്റിയിരുന്നെങ്കില്‍...എഴുനെറ്റും ചെരിഞ്ഞും ഒക്കെ നോക്കിയിട്ടും തനിക്ക് ഇവിടെ നിന്നു കുളം കണ്ടൂട…. അമ്മയോട് പറഞ്ഞാലോ. പക്ഷെ രാത്രി പുറത്ത് പോകാന്‍ പാവം അമ്മക്ക് പേടിയാണ്….അന്ന് അച്ഛനെ അവര്‍ വെളുത്ത വണ്ടിയില്‍ കൊണ്ടു വന്നതില്‍ പിന്നെ അമ്മ രാത്രി പുറത്ത് പോകാന്‍ സമ്മതിക്കാറില്ല ....ഇടയ്ക്ക് തോന്നും അമ്മക്കിപ്പോള്‍ എല്ലാരേയും പേടിയാ എന്ന്, …..പാവം അമ്മ…..

അച്ഛന്‍പെങ്ങളെ തന്നെ വിളിച്ചാലോ ......ശ്ശോ ....താന്‍ എന്തൊരു …മണ്ടിയാ? നടക്കാന്‍ വയ്യാത്ത അച്ഛന്‍പെങ്ങള്‍ ആണോ കൂട്ടിനു...

ജാനുത്തള്ളയോടു ചോദിക്കാമായിരുന്നു…പക്ഷെ ഇന്നാളു താന്‍ പാമ്പുംകാവില്‍ യക്ഷി വരുന്ന കാര്യം ചോദിച്ചപ്പോള്‍ ജാനുത്തള്ള മുറുക്കിച്ചുകപിച്ച ചുകന്ന പല്ലും കാണിച്ച് കുറെ ചിരിച്ചു… കളിയാക്കി …….അച്ഛന്‍പെങ്ങള്‍ക്ക് ഒന്നും അറിയില്യ എന്ന് വരെ പറഞ്ഞു.
ഏയ് ആവില്യ…അച്ഛന്‍പെങ്ങള്‍ വെറുതെ പറഞ്ഞതാവില്യ …ഒന്നും അല്ലെങ്കിലും ഡോക്ടറേട്ടന്‍റെ അമ്മയല്ലേ അവര്‍….ഡോക്ടറേട്ടന്‍ അമ്മ പറഞ്ഞതൊക്കെ കേട്ടു നന്നായി പഠിച്ചതു കൊണ്ടാണത്രേ വലിയ ആളായെ . അതുപോലെ പഠിച്ചു വലിയ ആളാവണം എന്നല്ലെ അമ്മ പറയാറുള്ളത്….

പക്ഷെ ഡോക്ടറേട്ടന്‍ എന്താ അച്ഛന്‍പെങ്ങളെ കൂടെ കൊണ്ടു പോകാത്തെ… താന്‍ ഒരിക്കലും അമ്മയെ ഇവിടെ തനിച്ചാക്കി പോവില്യ… കൂടെ കൊണ്ടുപോകും… വലിയ ആളൊക്കെ ആയി…. അച്ഛനെ പോലെ ഒരു പോലീസ്....

അമ്മായി കണ്ടില്ലായിരുന്നെങ്കില്‍ തനിക്ക് കുളം വരെ ഓടി നോക്കി വരാമായിരുന്നു…. ….പുറകിലത്തെ വാതില്‍കലൂടെ പോയാല്‍ ഒറ്റ ഓട്ടത്തിനെത്താം..….. പക്ഷെ വാതില്‍കല്‍ എത്തിയപ്പോള്‍ അമ്മായി കണ്ണുരുട്ടി കാണിച്ചു, പോയി കിടന്നുറങ്ങാനും പറഞ്ഞു….

ഇനി പത്ത് കൊല്ലം കഴിഞ്ഞേ ആ പുവ് വിരിയൂ…ഇന്നിനി അത് കാണാന്‍ പറ്റില്യ..സങ്കടം, ദേഷ്യം എന്തായിരുന്നു തോന്നിയെ ……..മഞ്ഞ പൊട്ടു തൊട്ട ആകാശം , ദിവ്യ പുഷ്പത്തിന്‍റെ സുഗന്ധം നിറഞ്ഞ ആ മുറ്റവും നോക്കി കിടന്ന താന്‍ എപ്പോഴോ മയങ്ങിപ്പോയി….

*****************************************************

പഴകിയ ഒരു ഓര്‍മ പോലെ ............ഒരിക്കല്‍ കൂടി കണ്ണുനീരില്‍ വാര്‍ത്ത പഴയൊരു തറവാടും, തിരുമുറ്റവും, ഈ ഓണ നിലാവും ഞാനും മാത്രം.