Friday, March 28, 2008

അറിയാത്ത നിറങ്ങള്‍

മഞ്ഞയും ചുകപ്പും പച്ചയും പൊതിഞ്ഞ നിലത്ത്‌ ഞാന്‍ നിന്നെക്കുറിച്ചോര്‍ത്തു കിടന്നു… മുകളില്‍ ആകാശത്തിന്‍റെ നീലിമയെ തോല്പിക്കാന്‍ ചാര നിറം പുറപ്പെട്ടു കഴിഞ്ഞു.

"നിന്നെക്കുറിച്ച് ഞാന്‍ എഴുതില്ല, …ഇനിയൊരിക്കലും…. എകാന്തതക്കുമുണ്ടല്ലോ ഒരു നിറം…..ഇരുട്ടിന്‍റെ നിറം…ആ നിറം മതി…" ഞാന്‍ എന്നോടു തന്നെ മന്ത്രിച്ചു.

. ..അന്നത്തെ ആ സന്ധ്യക്ക് ഇരുട്ട്‌ കൂടിയിരുന്നോ..?

"നീ ഒരു എഴുത്തുകാരി"….തിളങ്ങുന്ന കണ്ണുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
ആ കണ്ണുകളിലേക്ക്‌ നോക്കിയാല്‍ കൂട്ടി വെച്ച ആകെയുള്ള ധൈര്യവും ചോര്‍ന്നു‌ പോകും എന്ന നല്ല ഉറപ്പുള്ളത് കൊണ്ടു വിദൂരതയിലേക്കു‌ നോക്കി ഞാന്‍ പറഞ്ഞു. "അല്ല, ഞാന്‍ വെറുമൊരു പരാതിപ്പെട്ടി…."


അപ്പുറത്തിരുന്ന രണ്ട് കൊച്ചു കുട്ടികള്‍ പന്തെറിഞ്ഞു കളിക്കുന്നു….അവരേക്കാളും വലിയ ഒരു ചുകന്ന പന്ത്…."പണ്ട് എനിക്കുമുണ്ടായിരുന്നു അത് പോലെ ഒരു പന്ത്… നീല നിറമുള്ള വലിയ പന്ത്…വാസുമാമന്‍ ദുബായില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍ കിട്ടിയ സമ്മാനം…… ഇപ്പോഴും തറവാട്ടില്‍ പോയാല്‍ ചിലപ്പോള്‍ തട്ടിന്‍പുറത്തു കാണും…എന്‍റെ പന്ത്…എന്‍റെമാത്രം" ഞാന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു …
"ഇന്നു പന്തിനെ പറ്റിയാണോ എഴുതുന്നത്….?"
"അല്ല…. വിഷാദം മാത്രം എഴുതുന്ന എഴുത്തുകാരിയുടെ ഏതു വരികളിലും അതേ ഭാവം…."സന്ധ്യയുടെ കാറ്റില്‍ ഇലകള്‍ കൊഴിഞ്ഞു താഴെ വീണു…മഞ്ഞ ഇലകള്‍…പച്ച പുല്ലിന്‍മേല്‍ മഞ്ഞ ഇലകള്‍…ഒറ്റപ്പെടലിന് ഇത്ര ഭംഗിയോ…. നഷ്ടത്തിന്‍റെ നിറം കറുപ്പല്ലേ??


"നിനക്കെന്താ സന്തോഷിക്കാനിത്ര മടി? "
"എന്താണ്‌ സന്തോഷത്തിന്‍റെ നിറം …നിങ്ങള്‍ക്കറിയുമോ ..?"
പന്തുകളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ അവരുടെ അമ്മയുടെ കൈ പിടിച്ച് നടന്നകലുന്നു….കൂടെ പന്തുമായി നടക്കുന്നത് അച്ഛനായിരിക്കും…. ചുറ്റുമുള്ള ആള്‍ക്കാരെ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു...നോട്ട് ബുക്കുമായി മരച്ചുവട്ടില്‍ ഇരിക്കുന്ന പെണ്‍കുട്ടി, പാട്ടു കേട്ടുകൊണ്ടോടുന്ന ചെറുപ്പക്കാരന്‍, വടി പിടിച്ച് നടക്കുന്ന വൃദ്ധദമ്പതികള്‍….എന്‍റെ കഥയില്‍ ഇവരിലാര്‍ക്കാണ് സ്ഥാനം…..


"പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ നിന്‍റെ മനസ്സില്‍ എപ്പോഴും ഓടി നടക്കുന്നു …അതാ നീ ഇങ്ങനെ…"
കാറ്റില്‍ ഒരു ഇല കൊഴിഞ്ഞു എന്‍റെ അടുത്തേക്ക് വീണു…..എഴുന്നേറ്റിരുന്ന് ആ ഇല പെറുക്കിയെടുത്ത്‌ എന്‍റെ പുസ്തകത്താളില്‍ ഒളിപ്പിച്ചു….."കണ്ടില്ലേ ആകാശത്തിന്‍റെ നീലിമ ഇനി ഒരു പൊടി മാത്രം…ചാര നിറം വിജയിച്ചിരിക്കുന്നു…."
"അനുഭവപ്പെടാത്ത വികാരങ്ങള്‍ എഴുതാതിരുന്നു കൂടെ… …ദുഃഖത്തെ പറ്റി ഇനി എഴുതരുത്….നിനക്കു ചുറ്റും എപ്പോഴും സന്തോഷമല്ലേ.." പക്ഷെ ഞാന്‍ ആഗ്രഹിച്ചത്‌
പൊന്നു പോലെ ഞാന്‍ നിന്നെ കാത്തോളാം എന്നൊന്നു കേള്‍ക്കാന്‍ .....

എന്‍റെ വിരലുകള്‍ അടുത്തു വളര്‍ന്നിരുന്ന പുല്‍ച്ചെടിയെ നുള്ളി നോവിച്ചു…. "കുറേ അഹങ്കരിച്ചാല്‍ കരയേണ്ടി വരും…………ഉത്തരമിലാത്ത ചോദ്യങ്ങള്‍ എന്നോട് ചോദിക്കാതിരിക്കൂ…."


സന്ധ്യക്ക് ഇരുട്ടു കൂടി….സ്കൂളിലെ മണിയടി കേട്ട അനുസരണയുള്ള കുട്ടികളേപ്പോലെ ഞങ്ങള്‍ ബാഗുകളെടുത്തു അവിടെ നിന്നും എഴുന്നേറ്റു….
എന്‍റെ തണുത്ത വിരലുകളിലേക്കു ചൂടുള്ള ആ കൈകള്‍ കോര്‍ത്ത് നീ പറഞ്ഞു…"ഞാന്‍ നിനക്കു സന്തോഷത്തിന്‍റെ നിറം പറഞ്ഞു തരാം….ചുകപ്പ്..ചുകപ്പാണാ നിറം……." ഞാന്‍‍ അന്നു തല താഴ്ത്തി പുഞ്ചിരിച്ചു….


അങ്ങിനെയാണ് ഞാന്‍‍ നിന്നെക്കുറിച്ച് എഴുതാന്‍ തുടങ്ങിയത്……….

8 comments:

ശ്രീ said...

“എകാന്തതക്കുമുണ്ടല്ലോ ഒരു നിറം...ഇരുട്ടിന്‍റെ നിറം...”

കൊള്ളാം.

Rafeeq said...

hmm.. :)

Anonymous said...

ചുകപ്പാണോ സന്തോഷത്തിന്‍റെ നിറം? നീലയല്ലേ? :)

നിറമേതായാലെന്താ ഇല്ലേ? ചിത്രം നന്നായിട്ടുണ്ട് :)

smitha adharsh said...

സന്തോഷത്തിനും നിറമുണ്ട്...പ്രീതൂസ്.....ശരിയാണ് ...."അറിയാത്ത നിറങ്ങള്‍" എവിടെയോ,ഒന്നു വേദനിപ്പിച്ചു.....ഉള്ളില്‍ തന്നെ,വേറെ എവിടെയാ....നന്നായിട്ടുണ്ട് ട്ടോ.

Unknown said...

nannayi ezhuthunnund...

ila kozhinju veenathine ottapeduthalennu upamichadu ati manoharam....
sandhyaye..nilimayum karuppum tammilulla yudhamaakiyadum ishtapettu....
santhoshathinde niram chukappakkiyappol snehamaanu tedunnathennu tonipoyi...

pakshe pulline nulli novichapol nonthathu manassan....parayatha kore vikaarangal aa varikalulladu pole

ezhudaatha varikal njaan vaayichuo ennenikkariyilla...pakshe endaayalum valare nannyitund...iniyum orupbaadezhudu

Sands | കരിങ്കല്ല് said...

@Sreeranjini
Prathikarikkanam ennu 3-4 pravashyam karuthi. Ellayppozhum vendennu vechu...

prathikaranam ithra maathram - oru cheru punchiri.

PS: Mattullavarude blog-l prathikarikkan enikkenthavakaasham alle?
Publish avuonnu nokkam.

Unknown said...

"പക്ഷെ ഞാന്‍ ആഗ്രഹിച്ചത്‌ പൊന്നു പോലെ ഞാന്‍ നിന്നെ കാത്തോളാം എന്നൊന്നു കേള്‍ക്കാന്‍..." ee varikal jhanum kelkkan aagrahichirunnu oru naal...
santhoshathinu ethu niram venamengilum kodukkam...sathyam...
ishtamaayi...orupadu...manassil evideyo oru nertha nombaram...jhan ariyathe...

Unknown said...

"പക്ഷെ ഞാന്‍ ആഗ്രഹിച്ചത്‌ പൊന്നു പോലെ ഞാന്‍ നിന്നെ കാത്തോളാം എന്നൊന്നു കേള്‍ക്കാന്‍..." ee varikal jhanum kelkkan aagrahichirunnu oru naal...

ishtamaayi...orupadu...manassil evideyo oru nertha nombaram...jhan ariyathe...