Tuesday, April 28, 2009

നൃത്തം...നഷ്ടങ്ങളുടെ...


ടെറസ്സില്‍ നിന്ന്‌ ചാടി, പല്ല് പൊട്ടി മുഖം വികൃതമായി, അനങ്ങാന്‍ പോലും വയ്യാതെ കിടന്ന ഒരു അവധിക്കാലം ... "എന്നെ ഇനി ആരും കല്യാണം കഴിക്കില്ല" എന്ന്
പൊട്ടിക്കരഞ്ഞ വൈകുന്നേരം ... അമ്മയും അച്ഛനും അമ്മാവന്‍ അമ്മായിമാരും അതുകേട്ട് ഒരുമിച്ച് ചിരിച്ചു ... ആരും കാണാതെ അന്ന് നീ എന്നോട് പറഞ്ഞു "
പൊട്ട മുഖമായാലും ഐ ആന്‍ഡ് യു എപ്പോഴും അമ്മ അച്ഛന്‍ ... ഓക്കേ ... ഇറ്റ്സ് എ പ്രോമിസ്‌ ..."

കോളേജില്‍ നിന്ന് വന്നപ്പോള്‍ അമ്മ പറഞ്ഞു "തെക്കേടത്തെ ശാരദയുടെ മോന്‍റെ കല്യാണക്കുറി കിട്ടിയിട്ടുണ്ട് ട്ടോ ... ജൂണ്‍ പതിനാറിന്
കല്യാണം ... പെണ്‍കുട്ടി മൈക്രോ-ബയോളജി പി എച്ച് ഡി ചെയ്തതാത്രേ ..."ചിരിച്ചു കൊണ്ട് അമ്മയുടെ കയ്യിലിരുന്ന കുറി വാങ്ങി ഞാന്‍
മുറിക്കകത്ത് കയറി. ഒരു നിമിഷം ആ കുറി നോക്കി നിന്നുപോയി ... ഊണ്‍മേശക്കടിയില്‍ നാലു കാലുകളെ രണ്ടു മുറികളാക്കി അമ്മയും അച്ഛനുമായി കളിച്ച ദിവസങ്ങളില്‍
എന്നോ നീ എനിക്ക് തന്ന പ്രോമിസ്‌ നീ മറന്നോ?

**************************************************************************************
"നന്നായി പാചകം അറിയണം, അങ്ങിനെയൊരു കുട്ട്യേ ഞാന്‍
കല്യാണം കഴിക്കു .... റാതര്‍ സ്നേഹിക്കു ... പിന്നെ നീണ്ടു ചുരുണ്ട മുടിയും വേണം" അവന്‍ മുത്തശ്ശിയെ നോക്കി, മുഖത്തൊരു മന്ദസ്മിതവും... ഊണ്‍മേശയില്‍ ചാരി നിന്നവള്‍ പറഞ്ഞു

" സ്നേഹിക്കാന്‍ ഇങ്ങനെ ഉപാധികള്‍ വേണോ? അതൊരിക്കലും ട്രൂ ലവ് അല്ല ...ഈശ്വരാ ഇങ്ങിനെയൊരു ആളെ എന്‍റെ അടുത്തേക്ക് ഭര്‍ത്താവായി എത്തിക്കല്ലേ..."
മുത്തശി രണ്ടാളെയും മാറി നോക്കി ചുവന്ന പല്ല് കാട്ടി ചിരിച്ചു ....

അന്ന് വൈകിട്ടുള്ള ഹെയര്‍ കട്ട് അപ്പോയിന്ട്മെന്റ്റ്‌ അവള്‍ ക്യാന്‍സല്‍ ചെയ്തു .... ഒരിക്കലും അടുക്കളയില്‍ കയറാത്ത അവള്‍ അന്ന് അമ്മയോടൊപ്പം അടുക്കളയില്‍ കൂടി ....
*************************************************************************************
എനിക്കറിയാം അവള്‍ ഇവിടെ അടുത്തെവിടെയോ എന്നെ നോക്കുന്നുണ്ട് ... ഞാന്‍ എരുവില്ലാത്ത കറി
ഉണ്ടാക്കുമ്പോള്‍, നീ എന്നോട് സംസാരിക്കുമ്പോള്‍ ... നിന്നെ ചുംബിക്കുമ്പോള്‍, നിന്‍റെ കിടക്ക പങ്കിടുമ്പോള്‍ ... എന്‍റെ ചാടിയ വയര്‍ ഉള്ളിലോട്ട്
വലിച്ചു പിടിക്കുമ്പോള്‍ .... എന്നും .... എപ്പോഴും ... ആ കണ്ണുകള്‍ എന്നെ പിന്തുടരുന്നു ... നിനക്കായി എന്നെ ഞാന്‍ മാറ്റി മറിക്കുന്ന ശ്രമത്തിനിടയില്‍ എന്നെ അവളൊരു മാനസിക രോഗിയാക്കുന്നു ... എനിക്കുള്ള
ജീവപര്യന്ത ശിക്ഷ ... നിന്നെ അവളെക്കാളും ഏറെ സ്നേഹിച്ചതിനല്ല ... നിന്നെ അവളില്‍ നിന്ന് അകത്തിയതിന്...

*************************************************************************************
9000 മൈലുകള്‍ - ബാഗ്ലൂര്‍
- കാലിഫോര്‍ണിയ ... മേശപ്പുറത്തിരിക്കുന്ന വാരികയില്‍ അവള്‍ വായിച്ചു ... അന്ന് രാത്രി ഫോണില്‍ "മോനേ നീ വരുമോ ഈ അമ്മയെ കാണാന്‍ ... അച്ഛനെ കാണാന്‍ ... 5 കൊല്ലമായി നീ ..." അപ്പുറത്ത് മൌനം....
ഞരമ്പുകള്‍ വിങ്ങി വേദനിക്കുന്നത് പോലെയുള്ള ഒരു മൌനം. അവള്‍ ചിരിച്ചു ... "സാരല്യ ഉണ്ണീ ... കുട്ടികളും ഭാര്യയും എല്ലാര്‍ക്കും ലീവ് കിട്ടണ്ടേ അല്ലെ ... എനിക്ക് മനസ്സിലാവും ... ഒന്നും പറയേണ്ട ... പക്ഷെ മോനെ..അടുത്ത
ഓണത്തിനെങ്കിലും വരണം ... ഞങ്ങള്‍ക്ക് നിങ്ങളെ കാണാന്‍ തിടുക്കമായി ..."

അവള്‍ പറഞ്ഞതെല്ലാം ഹൃദയത്തില്‍ തട്ടിയായിരുന്നു ... നനഞ്ഞ കണ്ണുകളോടെ ആയിരുന്നു ... "ഒഫ്കോഴ്സ്
അമ്മ ... അടുത്ത ഓണത്തിന് എന്തായാലും വരാം ..." അവന്‍ വേഗത്തില്‍ പറഞ്ഞു ... അവര്‍ ഒരുമിച്ച് ചിരിക്കുന്നു ...

അവന്‍ പക്ഷെ പറഞ്ഞത് വെറും വാക്കുകള്‍...
***************************************************************************************
ഓര്‍മ്മകള്‍ ... എത്ര എത്ര ഓര്‍മ്മകള്‍ ...ഓര്‍ക്കാന്‍ എനിക്ക് ഇഷ്ടമല്ല ... മറക്കാനും ...